en | ml
സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയർ ശിബിരം 2020 പ്രഖ്യാപിക്കുന്നു
സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ ഇന്നു് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. അതേ ഉദ്ദേശലക്ഷ്യത്തോടും ആവേശത്തോടും കൂടി ഞങ്ങൾ ഇന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയർ ശിബിരം പ്രഖ്യാപിക്കുകയാണു്.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ശിബിരം ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷനും സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു ഓൺലൈൻ മെന്റർഷിപ്പ് പരിപാടിയാണു്. ഇതു ഒക്ടോബറില്‍ തുടങ്ങി ഫെബ്രുവരി അവസാനം വരെ തുടരുന്നു.
സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്ക് സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവരായ, എന്നാല്‍ ചിട്ടയോടെയുള്ള മാര്‍ഗദര്‍ശ്ശനവും പഠിക്കാനുള്ള സാഹചര്യവും അതു് തുടങ്ങാനായി ലഭ്യമാവണമെന്നു് ആഗ്രഹിക്കുന്ന ആര്‍ക്കും ഈ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ശിബിരം വിലമതിക്കാനാവാത്ത ഒരു അവസരമായിരിക്കും. ഇത് നിലവില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയർ സംഭാവകരായിട്ടുള്ളവര്‍ക്കു് പുതിയ സംഭാവകരെ അവരുടെ പരിപാടികളില്‍ ഉള്‍പ്പെടുത്താനും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കൂട്ടായ്മയിലേക്കുള്ള അവരുടെ കടന്നുവരവിനെ സാധ്യമാക്കാനും കഴിയുന്ന ഒരവസരം കൂടെയായിരിക്കും.
പഠിതാക്കൾക്കും മെന്റർമാർക്കും ഇതിലേയ്ക്കു അപേക്ഷിക്കുന്നതിനുള്ള കണ്ണികള്‍ ശിബിരത്തിന്റെ വെബ്സൈറ്റിൽ ഒക്ടോബർ 15 വരെ ലഭ്യമായിരിക്കും.
ഈ ശിബിരം പഠിതാക്കളെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ആശയങ്ങള്‍ മനസ്സിലാക്കുന്നതിനു സഹായിക്കുന്നതിനോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്കു് സംഭാവനകള്‍ നല്‍കുന്നതിനു് പ്രാപ്തരാക്കുകയും ചെയ്യുന്നു. ശിബിരത്തിന്റെ ആദ്യഘട്ടത്തില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ സാമൂഹിക ഗുണവശങ്ങളും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സംസ്കാരവും പരിചയപ്പെടുത്തുന്ന അസൈന്‍മെന്റുകളും സമ്പര്‍ക്കപരിപാടികളും ചലനച്ചിത്ര പ്രദര്‍ശനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളുമടങ്ങിയ പരമ്പരയിലൂടെ പഠിതാക്കള്‍ കടന്നു പോകുന്നു. അവര്‍ക്കു് അവരുടെ സ്വന്തം കമ്പ്യൂട്ടിങ്ങ് ഉപകരണങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതിനുള്ള സഹായം ലഭ്യമാകുന്നതാണു്. ഇതിന്റെ അവസാനഘട്ടത്തില്‍ അവര്‍ വിവിധ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പദ്ധതികള്‍ പരിചയപ്പെടുകയും മെന്റര്‍മാരോടൊത്തു് പ്രവര്‍ത്തിച്ച് അതിലേക്കു് സംഭാവന ചെയ്യുന്നതിനുള്ള കർമ്മപദ്ധതികള്‍ തയ്യാറാക്കുകയം ചെയ്യുന്നു. പഠിതാക്കളുടെ കർമ്മപദ്ധതികളനുസരിച്ചു് മെന്ററെ തെരഞ്ഞെടുക്കുന്നു. രണ്ടാം ഘട്ടത്തില്‍ ഓരോ പഠിതാവും അവരുടെ തെരഞ്ഞെടുക്കപ്പെട്ട കർമ്മപദ്ധതിയുടെ അടിസ്ഥാനത്തില്‍ മെന്റര്‍മാരോടൊത്തു് പ്രവര്‍ത്തിച്ച് സംഭാവനകള്‍ ചെയ്തു് തുടങ്ങുന്നു. നിശ്ചിത കാലയളവുകളില്‍ പഠിതാക്കളുടെ ആവശ്യങ്ങള്‍ അറിയുന്നതിനും തടസ്സങ്ങള്‍ മറികടന്ന് മുന്നോട്ടുപോകുവാന്‍ സഹായിക്കുന്നതിനും അവലോകനയോഗങ്ങള്‍ ഉണ്ടായിരിക്കും.
ശിബിര സൈറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മെന്റര്‍ യോഗ്യതകളുള്ള, സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ മേഖലയില്‍ സംഭാവനകള്‍ ചെയ്തിട്ടുള്ള ഏതൊരു വ്യക്തിക്കും മെന്റര്‍ ആകുന്നതിനു് അപേക്ഷിക്കാവുന്നതാണു്. പഠിതാവിനു് കർമ്മപദ്ധതി തയ്യാറാക്കുവാന്‍ ആവശ്യമായ ആശയങ്ങളുടെ പട്ടികയിലേയ്ക്കു് അവരുടെ ആശയങ്ങള്‍ ചേര്‍ക്കാവുന്നതാണു്. കർമ്മപദ്ധതികള്‍ വിലയിരുത്തുന്നതിലും തെരഞ്ഞെടുക്കുന്നതിലും മെന്റര്‍മാര്‍ ക്യാമ്പ് സംഘാടകരുമായി ചേര്‍ന്നു് പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുത്ത കർമ്മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനു് പഠിതാക്കളെ പ്രാപ്തരാക്കുകയും ചെയ്യും.
പ്രോഗ്രാമിങ്ങ്, സിസ്റ്റം അഡ്‌മിനിസ്‌ട്രേഷന്‍, പാക്കേജിങ്ങ്, യുഐ/യുഎക്സ്, ഫോറന്‍സിക്സ്, പ്രാദേശികവത്കരണം, കലാവിരുതുകള്‍, വിവരണങ്ങള്‍, പ്രചരണം, പരിപാടികള്‍ സംഘടിപ്പിക്കല്‍ തുടങ്ങി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയവുമായി പൊരുത്തപ്പെടുന്ന എല്ലാത്തരം സംഭാവനകളേയും സംഭാവന ചെയ്യാനുള്ള വഴികളേയും ഈ ശിബിരം പ്രോത്സാഹിപ്പിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയവിനിമയ സംവിധാനങ്ങളായ ബിഗ് ബ്ലൂ ബട്ടണ്‍, മെട്രിക്സ് ആപ്പുകള്‍ തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് ഓണ്‍ലൈനായിട്ടാണു് ഈ ശിബിരം നടത്തുന്നതു്. പ്രവേശനം സൌജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കാനും https://camp.fsf.org.in സന്ദര്‍ശിക്കുക.