വിവർത്തനം ചെയ്തത്: പൈറെറ്റ് പ്രവീണ്, അനസ് പുന്നൊട്
പുനരവലോകനം ചെയ്തത്: അരുൺ എം, ബീന പ്രദീപൻ

To
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി
കേരള സര്‍ക്കാര്‍

സാര്‍

കേരള സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സ്വീകരിക്കുന്നതില്‍ എന്നും രാജ്യത്തിന് മാതൃകയാണ്. സ്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ തെരഞ്ഞെടുത്തു കൊണ്ടാണ് ഇതിന് തുടക്കമിടുന്നത്. ഇക്കാര്യത്തിൽ കേരളത്തിലെ അധ്യാപക സമൂഹം കാണിച്ച നേതൃത്വവും എടുത്തു പറയേണ്ടതാണ്.

കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകുമ്പോള്‍,1 ഞങ്ങള്‍ കാണുന്നത് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയറുകള്‍ വിദ്യാഭ്യാസത്തിനായി പ്രചരിപ്പിക്കുന്നതാണ്. വിദ്യാഭ്യാസത്തിന് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയര്‍ മാത്രം2 ഉപയോഗിയ്ക്കാന്‍ കേരള സര്‍ക്കാർ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകള്‍ ആവശ്യപ്പെടുന്നതായി ഔദ്യോഗിക രേഖകളിൽ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു2. വാട്ട്സാപ്പ് പോലുള്ള സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിയ്ക്കുന്നതിന് രണ്ട്‌
പ്രശ്നങ്ങളുണ്ട്. ഇത് സര്‍ക്കാറിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നയത്തില്‍ നിന്നുള്ള പിറകോട്ട് പോക്കും ഒരു കുത്തക സ്ഥാപനത്തെ പ്രചരിപ്പിയ്ക്കുന്നതുമാണ്.

വാട്ട്സാപ്പെന്ന കെണി

അധികമാളുകളും വാട്ട്സാപ്പിന്റെ കെണികളെ പറ്റി ബോധവാൻമാരല്ല. സൗജന്യ സേവനം നൽകുന്നതും എല്ലാവരാലും ഉപയോഗിക്കപ്പെടുന്നതുമായ ഒരു ആപ്പായിട്ടു മാത്രമെ വാട്ട്സാപ്പിനെ അവർ കാണുന്നുള്ളൂ. വാട്ട്സാപ്പ് ഉപയോഗിക്കുന്നതിലൂടെ അവർ ചെയ്യുന്ന വിട്ടുവീഴ്ചകളെക്കുറിച്ചുള്ള ധാരണക്കുറവാണ് ഇതിനു ഒരു കാരണം. വാട്ട്സാപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ അത് ശേഖരിക്കുകയും സംഭരിക്കുകയും, വിശകലനം നടത്തുകയും ചെയ്യുന്നു എന്ന കാര്യം അധികപേരും തിരിച്ചറിയാതെ പോകുന്നു. സ്വയം നിർണയാവകാശം ഇല്ലാത്ത കുട്ടികളെ ഈ സോഫ്റ്റ്‌വെയർ ഉപയോഗിപ്പിക്കുന്നതിലൂടെ, സൗജന്യ സാമ്പിൾ കൊടുക്കുന്ന ലഹരി മയക്കുമരുന്ന് കച്ചവടക്കാരനെപോലെ ഒരു വാണിജ്യ കുത്തകയ്ക്ക് ഭാവി ഉപഭോക്താക്കളെ സൃഷ്ടിച്ചു നൽകുന്ന പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. അധ്യാപന ഉള്ളടക്കം വാട്ട്സാപ്പിലൂടെ കൈമാറ്റം ചെയ്യുന്നത് അത് ഉപയോഗിക്കാതെ മറ്റു മാർഗ്ഗങ്ങൾക്കു മുൻഗണന നൽകുന്ന കുട്ടികളോടുള്ള വിവേചനമാണ്. ഫേസ്ബുക്കിന്റെ ഒരു അനുബന്ധ സോഫ്റ്റ്‌വെയറാണ് വാട്ട്സാപ്പ്‌,3 ഫേസ്ബുക്കാകട്ടെ, ഉപയോക്താവിന്റെ സ്വകാര്യതയെ4 പൂർണ്ണമായും അവഗണിക്കുന്നതിലും അനാസ്ഥയിലും കുപ്രസിദ്ധി നേടിയതതുമാണ് 4.

ബദലുകൾ ലഭ്യമാണ്

സർക്കാരിന്റെ വിവരവിനിമയ ആവശ്യങ്ങൾക്കായി https://quicksy.im പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിഗണിക്കേണ്ടതാണ്. ഇവ ഉപയോക്താവിന് വാട്ട്സാപ്പ് പോലെ തന്നെ തോന്നുന്നതും എന്നാൽ ഒരു കമ്പനിയുടെ മാത്രം നിയന്ത്രണത്തിലല്ലാത്തതുമാണ്. ക്വിക്സി ആപ്പ് ഇൻസ്റ്റാൾ ചെയ്യ്തതിനു ശേഷം ഫോൺ നമ്പർ നല്കി അതിലേക്ക് വരുന്ന OTP യിലൂടെ വെരിഫൈ ചെയ്യാവുന്നതാണ്. അപ്പോൾ ഫോണിലെ അഡ്രസ്സ് ബുക്കിലും5 ക്വിക്സി ഡയറക്ടറിയിലും ഉള്ള ഉപയോക്താക്കളെ അത് കണ്ടെത്തും5. ഒരു ക്വിക്സി ഉപയോക്താവിനു XMPP പ്രോട്ടോക്കോൾ ഉപയോഗിക്കുന്ന മറ്റ് എല്ലാ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കുന്നവരുമായി ആശയവിനിമയം നടത്താൻ കഴിയുന്നതാണ്. സംസ്ഥാന സർക്കാറിനു ആയാസരഹിതമായി സ്വന്തം നിലയ്ക്കു സെർവർ സജ്ജീകരിച്ച് എല്ലാ കുട്ടികൾക്കും ഉപയോഗിക്കാനായി സൗകര്യമേർപ്പെടുത്താൻ കഴിയേണ്ടതാണ്. ക്വിക്സിക്കു പുറമേ ഗവൺമെന്റിനു പരിഗണിക്കാവുന്ന അനേകം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കൂടിയുണ്ട്66.

മാനദണ്ഡങ്ങളും പരസ്പര പ്രവർത്തനക്ഷമതയും

ഈമെയില്‍ സേവനങ്ങള്‍ക്കുപയോഗിയ്ക്കുന്ന SMTP പോലെയും മൊബൈല്‍ സേവനദാതാക്കള്‍ തമ്മില്‍ പരസ്പരം സംസാരിയ്ക്കാന്‍ സാധ്യമാക്കുന്ന GSM സ്റ്റാന്റേര്‍ഡ് പോലെ തന്നെയാണ് XMPP. ഒരു മൊബൈല്‍ ഉപയോക്താവിന് താനുപയോഗിയ്ക്കുന്ന സേവനദാതാവിന്റെ സേവനം തൃപ്തികരമല്ല എന്ന് തോന്നിയാല്‍ അവരുടെ നിലവിലുള്ള സമ്പര്‍ക്കങ്ങളുമായി സംസാരിയ്ക്കാനുള്ള ശേഷി നഷ്ടപ്പെടാതെ തന്നെ മറ്റൊരു മൊബൈല്‍ സേവനദാതാവിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള സൌകര്യം നിലവിലുണ്ട്. വാട്ട്സാപ്പിന്റെ കാര്യമെടുത്താല്‍, അവരുടെ നിലവിലുള്ള വാട്ട്സാപ്പ് സമ്പര്‍ക്കങ്ങളുമായി സംസാരിയ്ക്കാന്‍ പറ്റുന്ന വേറൊരു സേവനദാതാവിലേക്ക് മാറാനുള്ള സൗകര്യമില്ല. ഈ കുരുക്കുള്ളതിനാലാണ്‌ വാട്ട്സാപ്പില്‍ നിന്നും മാറുന്നത് പ്രായോഗികമല്ലാതാവുന്നത്. XMPP-യില്‍ അവര്‍ക്കിഷ്ടപ്പെട്ട സേവനദാതാവിനെ തെരഞ്ഞെടുക്കാനും തൃപ്തികരമല്ലെങ്കില്‍ വേറൊന്നിലേക്ക് മാറാനും സാധിയ്ക്കും.

ശുപാർശകൾ

സര്‍ക്കാറിനു് മുന്നില്‍ താഴെപ്പറയുന്ന ശുപാര്‍ശകള്‍ വയ്ക്കാന്‍ ‍ഞങ്ങളാഗ്രഹിക്കുന്നു.

  1. സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഓണ്‍ലൈന്‍ പഠനത്തിനും (ഇ-ലേണിങ്) ആശയവിനിമയത്തിനുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന് നിര്‍ദ്ദേശം നൽകുക. ഇതില്‍ സന്ദേശങ്ങളയക്കലും ഫയലുകള്‍ കൈമാറ്റം ചെയ്യലും ഓണ്‍ലൈന്‍ പഠനവും ഉള്‍പ്പെടുത്താനാകും.

  2. ഈ സംവിധാനങ്ങള്‍ ഒരുക്കാനും അധ്യാപകര്‍ക്കു പരിശീലനം കൊടുക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താം. അധ്യാപകര്‍ക്കു പിന്തുണ നല്‍കുന്നതിനായി7 25-ലധികം ആളുകള്‍ ഇപ്പോള്‍ തന്നെ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട് 7.

  3. ഇപ്പോള്‍ വീഡിയോകള്‍ യൂട്യൂബിലും ഫേസ്‌ബുക്കിലും മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയതും ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട സ്വകാര്യത ഉറപ്പുവരുത്തുന്നതുമായ പിയര്‍ട്യൂബ് കൂടി ഉപയോഗിയ്ക്കാന്‍ കൈറ്റ് ആലോചിക്കേണ്ടിയിരിക്കുന്നു. കൈറ്റിന്റെ വെബ്സൈറ്റ് വഴിയുള്ള തത്സമയ പ്രക്ഷേപണത്തിനു വീഡിയോ കാണുന്നവര്‍ തമ്മില്‍ ബാന്‍ഡ്‌വിഡ്ത്ത് പങ്കുവെയ്ക്കുന്നതിലൂടെ8 ചിലവ് കുറയും എന്നൊരു മെച്ചം കൂടി ഇതിനുണ്ട്8. സ്വതന്ത്രമായി പങ്കുവെയ്ക്കാവുന്ന ക്രിയേറ്റീവ് കോമണ്‍സ് അനുമതിയോടെ വീഡിയോ ഇറക്കുകയാണെങ്കില്‍ ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മ പ്രവര്‍ത്തിപ്പിയ്ക്കുന്ന https://videos.fsci.in എന്ന പിയര്‍ട്യൂബ് സേവനം വേണമെങ്കില്‍ ഉപയോഗപ്പെടുത്താവുന്നതാണു്.

  4. ഫസ്റ്റ് ബെല്‍ പ്രോഗ്രാമില്‍ ക്ലാസെടുക്കുന്ന അധ്യാപകരും വിദ്യാലയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന അധ്യാപകരും
    ആശയവിനിമയത്തിനായി സ്വതന്ത്രമല്ലാത്ത സേവനങ്ങളാണ് ശുപാര്‍ശ ചെയ്യുന്നതെന്നു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമുള്ളതാണ് ആ സേവനങ്ങള്‍ എന്ന ആശയക്കുഴപ്പം കുട്ടികളിലും രക്ഷിതാക്കളിലും സൃഷ്ടിക്കാന്‍ ഇതു കാരണമായിട്ടുണ്ട്. ഈ ആശയക്കുഴപ്പം ഒഴിവാക്കണം.
  5. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സോഫ്റ്റ്‌വെയറിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമുള്ള മുന്നൊരുക്കം ചര്‍ച്ച ചെയ്യണം. ഇതു അത്യാവശ്യഘട്ടങ്ങളില്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കും. അങ്ങനെയുള്ള ചര്‍ച്ചകളിലൂടെ, ഉരുത്തിരിഞ്ഞു വരുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിഹാരങ്ങള്‍ക്ക് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള കാലത്തിനൊത്ത ഒരു വിദ്യാഭ്യാസ സംവിധാനം രൂപകല്പന ചെയ്യാൻ കഴിയും. അത്തരം സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാനും പിന്തുണയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളെ ഉള്‍പ്പെടുത്താവുന്നതാണ്.

അനുബന്ധം

  1. https://education.kerala.gov.in/wp-content/uploads/2020/05/GO-Online-Class-First-Bell.pdf

  2. https://www.doolnews.com/online-learning-parents-and-teachers-need-attention-education-department-guidelines-454.html (we have a copy of the document referenced in this article) ഈ ലേഖനത്തില്‍ പറയുന്ന മാര്‍ഗരേഖയുെടെ പകര്‍പ്പ് ഞങ്ങളുടെ കയ്യിലുണ്ട്.

  3. https://www.fsf.org/facebook

  4. https://www.reuters.com/article/us-facebook-cambridge-analytica-factbox/factbox-who-is-cambridge-analytica-and-what-did-it-do-idUSKBN1GW07F

  5. https://www.f-droid.org/en/packages/im.quicksy.client/

  6. https://switching.software/replace/whatsapp/

  7. https://codema.in/d/LDwsanKx/open-letter-to-kerala-it-school-kite-director-on-forcing-teachers-students-and-parents-to-use-whatsapp/5

  8. https://en.wikipedia.org/wiki/PeerTube